മിഷന്‍ കോണ്‍ഗ്രസ്സും ബിസിസി കണ്‍വെന്‍ഷനും

മിഷന്‍ കോണ്‍ഗ്രസ്സും ബിസിസി കണ്‍വെന്‍ഷനും

#BCC #Mission_congress
Part 1
കെ.ആര്‍.എല്‍.സി.സിയുടെ 20-ാമത് ജനറല്‍ അസംബ്ലിയുടെ നിര്‍ദേശമുള്‍ക്കൊണ്ട് കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി “ബിസിസി/കുടുംബയൂണിറ്റ് സംവിധാനങ്ങളെ സഭയുടെ യഥാര്‍ത്ഥ ചെറുപതിപ്പുകളായി ശക്തിപ്പെടുത്തുവാനും വിവിധ ശുശ്രൂഷകളെ കുടുംബയൂണിറ്റ്/ബിസിസിതലത്തില്‍ രൂപീകരിച്ച് ഇടവക, ഫെറോന, രൂപതാതലങ്ങളില്‍ പ്രവര്‍ത്തനക്ഷമമാക്കുവാനും” തീരുമാനിച്ചു. അതനുസരിച്ച് ബിസിസി/കുടുംബയൂണിറ്റുകളും ശുശ്രൂഷതല പ്രവര്‍ത്തനങ്ങളും കേരളത്തിലെ എല്ലാ രൂപതകളിലും ശക്തിപ്പെടുത്തുവാന്‍ കെ.ആര്‍.എല്‍.സി.ബി.സിയുടെ വിവിധ കമ്മീഷനുകള്‍ വഴി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ ദര്‍ശനം കേരള ലത്തീന്‍ സഭയിലെ എല്ലാവരിലും എത്തിക്കുവാനും എല്ലാ ഇടവകകളിലും കെ.ആര്‍.എല്‍.സി.സി. വിഭാവനം ചെയ്യുന്ന സംവിധാനം രൂപപ്പെടുത്തുവാനുമായി ഒരു തീവ്രയജ്ഞപരിപാടി 2014 ഒക്ടോബര്‍ മുതല്‍ ആരംഭിച്ചു. അഭിവന്ദ്യപിതാക്കന്മാരുടെ തീരുമാനം ഇടവകകളില്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ സഹായകമാകുന്ന രീതിയില്‍ മൂന്നുഘട്ടങ്ങളിലായാണ് ഇത് നടക്കുന്നത്. അതിന്‍റെ സമാപനമായി 2017 ഒക്ടോബറില്‍ നടക്കുന്ന കേരളതല കണ്‍വെന്‍ഷനും മിഷന്‍ കോണ്‍ഗ്രസ്സും രൂപതാതലത്തില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചായിരിക്കും വിജയപ്രദമാകുന്നത്. 2017ലെ കണ്‍വെന്‍ഷനോടെ ഒരേ ദര്‍ശനവും ഒരേ സംവിധാനവുമുള്ള പങ്കാളിത്തസഭയെ ലത്തീന്‍ സഭയില്‍ രൂപപ്പെടുത്താനുതകുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.

അജപാലനശുശ്രൂഷ ലക്ഷ്യമാക്കുന്നത് ക്രിസ്തുവിന്‍റെ മൗതികശരീരമായ സഭയെ പ്രാദേശികമായി പണിതുയര്‍ത്തുക എന്നതാണ് (എഫേ. 4:31). ഈ സഭാ രൂപീകരണപ്രക്രിയയില്‍ എല്ലാ വിശ്വാസികളുടെയും സജീവപങ്കാളിത്തവും സഹകരണവും അത്യന്താപേക്ഷിതമാണ്. കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ അതിജീവിച്ച് സുവിശേഷ സന്ദേശം എല്ലാ മനുഷ്യരുടെയും ജീവിതത്തില്‍ സന്തോഷം നല്കുന്ന സദ്വാര്‍ത്തയായി പകര്‍ന്നുകൊടുക്കുവാന്‍ വൈദികരും സന്യസ്തരും അല്മായരും ഒരുപോലെ പ്രതിജ്ഞാബദ്ധരാണ്. ഇന്നത്തെ നമ്മുടെ ഇടവക പ്രവര്‍ത്തന സംവിധാനങ്ങളില്‍ കൂടുതല്‍ കാര്യക്ഷമത ഉറപ്പാക്കാന്‍ അല്മായരുടെ വിവിധ തലങ്ങളിലുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. കാനോന്‍ നിയമം അനുശാസിക്കുന്ന ധനകാര്യസമിതിയും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്യുന്ന ഇടവക പാസ്റ്ററല്‍ കൗണ്‍സിലും എല്ലാവരുടെയും സജീവപ്രാതിനിധ്യത്തോടെ പ്രവര്‍ത്തനനിരതമാകുവാന്‍ അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളിലുടെ രൂപപ്പെടുന്ന 6 ശുശ്രൂഷാസമിതികള്‍ സഹായകമായിത്തീരും. വിവിധ ശുശ്രൂഷാപ്രവര്‍ത്തകരുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം അല്മായ വിശ്വാസികള്‍ക്ക് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം ഒരുക്കും. ബിസിസി കണ്‍വെന്‍ഷന്‍റെയും മിഷന്‍ കോണ്‍ഗ്രസ്സിന്‍റെയും മുന്നോടിയായി നടത്തുന്ന മൂന്ന് ഘട്ടങ്ങളിലായുള്ള ഒരുക്കങ്ങളും നവീകരണപരിപാടികളും ഇതിനു സഹായകമായ രീതിയില്‍ സംവിധാനവും സാഹചര്യവും കേരള ലത്തീന്‍ സഭയില്‍ ആകമാനം രൂപപ്പെടുത്തിയെടുക്കാന്‍ സഹായിക്കുന്നതാണ്.

സഭ സ്വഭാവത്താല്‍ത്തന്നെ പ്രേഷിതയാകയാല്‍ എല്ലാവരെയും പ്രേഷിതചൈതന്യമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു മിഷന്‍ കോണ്‍ഗ്രസ്സും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. “ക്രൈസ്തവനായിരിക്കുക” സഭയായിരിക്കുക” എന്നതിന്‍റെ അര്‍ത്ഥം മിഷണറി ആയിരിക്കുക എന്നതാണ് (“ക്രൈസ്തവ വിശ്വാസകൈമാറ്റത്തിനു നവസുവിശേഷവത്ക്കരണം”- മാര്‍ഗ്ഗരേഖ നമ്പര്‍10). സഭ സ്വഭാവത്തില്‍ത്തന്നെ പ്രേഷിതയാണ്. ഈ പ്രേഷിതദൗത്യം ഏറെ കാര്യക്ഷമമമായി നിറവേറ്റേണ്ടത് പ്രാദേശികസഭകളാണ്. കാരണം പ്രാദേശികസഭകളില്‍ സുവിശേഷത്തിന്‍റെ പ്രഘോഷണം, പകര്‍ന്നുനല്കല്‍, ജീവിക്കുന്ന അനുഭവം എന്നിവ സാക്ഷാത്കരിക്കപ്പെടുന്നു(മാര്‍ഗ്ഗരേഖ നമ്പര്‍ 15). കൂദാശാനുഷ്ഠാനങ്ങളില്‍ സജീവമായി പങ്കുചേരുന്ന ക്രൈസ്തവര്‍ പരിശുദ്ധാത്മാവില്‍ പ്രചോദിതരായി ആദിമക്രൈസ്തവസഭയിലെന്നതുപോലെ സുവിശേഷസാക്ഷ്യത്തിലേക്ക് നിര്‍ബന്ധിതരാകുന്നു. സുവിശേഷപ്രഘോഷണത്തിന്‍റെ കാതലായ സന്ദേശം കരയും കടലും കടന്ന് വിവിധ രാജ്യങ്ങളില്‍പോയി ക്രിസ്തുവിനെ പ്രഘോഷിക്കുക എന്നതിനുപരിയായി ജീവിക്കുന്ന സാഹചര്യങ്ങളില്‍ സുവിശേഷാരൂപിയില്‍ നിറഞ്ഞു പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുക; അതിലൂടെ ഓരോ ക്രൈസ്തവനും സുവിശേഷത്തിന്‍റെ സന്ദേശമാകുക എന്നതാണ് . അതിനു സഹായിക്കുന്ന രീതിയില്‍ ” യേശുക്രിസ്തുവുമായി നടത്തുന്ന വ്യക്തിപരമായ കണ്ടുമുട്ടലുകള്‍” (നമ്പര്‍ 11) അനിവാര്യമാണ്. ഇപ്രകാരമുള്ള കണ്ടുമുട്ടലുകള്‍ കൂദാശകളിലൂടെ പ്രാദേശിക സഭകളില്‍ അനുഭവവേദ്യമാകുമ്പോള്‍ ഓരോ പ്രാദേശികസഭയും സുവിശേഷവത്ക്കരണത്തിനു പ്രാപ്തിയുള്ളവരായി മാറും.

#BCC #Mission_congress
Part 2

ഇന്നു സഭ പ്രസക്തമാകുന്നത് ജീവിക്കുന്ന ചുറ്റുപാടുകളിലും അയല്‍പക്കബന്ധങ്ങളിലുമാണ്. അയല്‍പക്കബന്ധങ്ങള്‍ സുവിശേഷചൈതന്യത്താല്‍ നിറയ്ക്കുവാന്‍ സഹായിക്കുന്നത് കുടുംബയൂണിറ്റ്/ബിസിസികളിലൂടെയാണ്. സുവിശേഷചൈതന്യം അനുസരിച്ചുജീവിക്കുന്നവര്‍ കുടുംബയൂണിറ്റ്/ബിസിസികളില്‍ സ്വയം പ്രേഷിതരാകുകയാണ്. പങ്കുവയ്ക്കുകയും സ്നേഹം പരിപോഷിപ്പിക്കപ്പെടുകയും വചനാധിഷ്ഠിതമായി ജീവിക്കുകയും ചെയ്യുന്ന ചെറുസമൂഹങ്ങളാണ് സാര്‍വ്വത്രികസഭയുടെ ചെറുപ്പതിപ്പുകളായി സുവിശേഷപ്രഘോഷണത്തില്‍ വ്യാപരിക്കേണ്ടത്.

ക്രിസ്തുവിനെക്കുറിച്ചും സുവിശേഷത്തെക്കുറിച്ചും അറിയാത്തവരായി ഇന്നും ധാരാളം ആളുകളുണ്ട്. അവരുടെയിടയില്‍ സുവിശേഷം പ്രസംഗിക്കുവാനും ക്രിസ്തുവിനു സാക്ഷ്യമേകുവാനും ധാരാളം പ്രേഷിതപ്രവര്‍ത്തകരെ നാം കണ്ടെത്തേണ്ടതുണ്ട്. ഓരോ കുടുംബയൂണിറ്റ്/ബിസിസികളിലും പ്രേഷിതാഭിമുഖ്യമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്തും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടും ഉപവസിച്ച് ആ സമ്പത്ത് പ്രേഷിതര്‍ക്കായി മാറ്റിവച്ചുകൊണ്ടു സാര്‍വ്വത്രികസഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ കേരള ലത്തീന്‍ സഭയും പങ്കുകാരാകുന്നു. ഓരോ യൂണിറ്റില്‍നിന്നും പ്രേഷിതരാകാന്‍ താല്പര്യമുള്ള ചെറുപ്പക്കാരെ കണ്ടെത്തി വിവിധ പ്രേഷിതമേഖലകള്‍ പരിചയപ്പെടുത്തുകയും അവിടേയ്ക്കയക്കുകയും ചെയ്യാന്‍ കുടുംബയൂണിറ്റ്/ബിസിസി ഭാരവാഹികള്‍ തയ്യാറെടുത്തു കഴിഞ്ഞു.

2017 ഒക്ടോബറില്‍ നടക്കാന്‍പോകുന്ന മിഷന്‍ കോണ്‍ഗ്രസിനും – ബിസിസി കണ്‍വെന്‍ഷനും ഒരുക്കമായി കേരള ലത്തീന്‍ സഭയില്‍ ഈ വര്‍ഷം ഇടവകനവീകരണവര്‍ഷമായി ആചരിക്കുകയാണ്. അതിനോടനുബന്ധിച്ച് ഇടവകകളില്‍ നടക്കുന്ന വിവിധതല കര്‍മ്മപരിപാടികളില്‍ എല്ലാ വിശ്വാസികളും പങ്കാളികളാകേണ്ടതാണ്. ഇടവകകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംവിധാനങ്ങളിലൂടെ ഇടവകശക്തീകരണപരിപാടികള്‍ നടപ്പാക്കുവാനും കണ്‍വെന്‍ഷനും മിഷന്‍ കോണ്‍ഗ്രസിനും സജീവമായ ഒരുക്കങ്ങള്‍ നടത്തുവാനും ബന്ധപ്പെട്ടവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തുകഴിഞ്ഞു.

ഇടവകയില്‍ നടക്കുന്ന അജപാലനശുശ്രൂഷയുടെ കാതല്‍ അജപാലനപരമായ കരുതലാണ്. അജപാലകനെന്ന വാക്ക് വി. പൗലോസ് ശ്ലീഹാ എഫേസോസുകാര്‍ക്കെഴുതിയ 4:11-ലാണ് കാണുന്നത്. അജപാലനശുശ്രൂഷയുടെ ലക്ഷ്യമായി ഇവിടെ പറഞ്ഞിരിക്കുന്നത് ക്രിസ്തുവിന്‍റെ ശരീരം പണിതുയര്‍ത്തുകയെന്നതാണ്. പരമ്പരാഗതമായി നടക്കുന്ന അജപാലനശുശ്രൂഷകള്‍ പ്രധാനമായി മതബോധനം, ആരാധന, പ്രസംഗം, കൂദാശപരികര്‍മങ്ങള്‍, നൊവേന, തിരുനാളുകള്‍ തുടങ്ങിയ സ്ഥിരം പരിപാടികളാണ്. ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യക്തി ജീവിതത്തെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നരീതിയില്‍ പുനക്രമീകരണം നടത്തേണ്ടതാണ്.
അജപാലകന്‍ എന്നവാക്കിന്‍റെ അര്‍ഥം ‘feeder’ എന്നാണ്. ആഹാരം കൊടുക്കുന്നതിലുള്ള വിശ്വസ്തത വിശ്വാസജീവിതത്തിനു ആവശ്യമായ മാര്‍ഗനിര്‍ദേങ്ങള്‍ നല്കുന്നതുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അജപാലനശുശ്രൂഷയുടെ ഉത്തരവാദിത്തം പത്രോസിനെ ഏല്പിച്ചുകൊണ്ട് ‘മറ്റുള്ളവരെക്കാള്‍ അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ'(യോഹ 21: 15)യെന്ന് യേശു പത്രോസിനോട് ചോദിച്ചുകൊണ്ട് വ്യക്തമാക്കുന്നുണ്ട്. പത്രോസ് പറഞ്ഞ ഉത്തരത്തിന് മറുപടിയായി യേശു പറഞ്ഞത് അജപാലനശുശ്രൂഷയ്ക്ക് ദിശാബോധമേകുന്നതാണ്. രണ്ടുപ്രാവശ്യം ‘feed my lamp’ എന്നും ഒരുപ്രാവശ്യം ‘tend my sheep’ എന്നുമാണ് യേശു ആഹ്വാനം ചെയ്യുന്നത്. ഇതിലൂടെ ആടുകളുടെ ജീവസന്ധാരണത്തിനുവേണ്ട എല്ലാ ആവശ്യങ്ങളും നിറവേറ്റണമെന്നും സംരക്ഷണം ഉറപ്പാക്കണമെന്നും ഇടയന്മാരോട് കര്‍ത്താവ് ആവശ്യപ്പെടുന്നു. ഇടവകകളിലിന്ന് നടക്കുന്ന വിവിധ പരമ്പരാഗത അജപാലനപ്രവര്‍ത്തനങ്ങളെ വിലയിരുത്തി എല്ലാവരുടെയും സജീവപങ്കാളിത്തത്തോടെ അവ കൂടുതല്‍ സജീവമാക്കുകയെന്നതാണ് ഇടവക നവീകരണവര്‍ഷത്തില്‍ ലക്ഷ്യം വയ്ക്കുന്നത്. അതിലൂടെ വിശ്വാസികളെ ആത്മീയ പ്രബുദ്ധരാക്കുവാനും പ്രതികൂലസാഹചര്യങ്ങളില്‍നിന്ന് സംരക്ഷിക്കുവാനും സഹായകമായ സാഹചര്യങ്ങള്‍ എല്ലാ ഇടവകകളിലും സൃഷ്ടിക്കപ്പെടേണ്ടതാണ്.

കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലെ എല്ലാ ഇടവകകളിലും നടക്കുന്ന അജപാലന നവീകരണപരിപാടികളും പ്രേഷിതാഭിമുഖ്യപ്രവര്‍ത്തനങ്ങളും ഒക്ടോബര്‍ 6, 7, 8 തീയതികളില്‍ നടക്കുന്ന മിഷന്‍ കോണ്‍ഗ്രസ്സിനും ബിസിസി കണ്‍വെന്‍ഷനും നല്ലൊരു മുന്നൊരുക്കമാക്കുമെന്നു പ്രത്യാശിക്കാം. വല്ലാര്‍പാടത്തുനടക്കുന്ന മിഷന്‍ കോണ്‍ഗ്രസ്സിലും ബിസിസി കണ്‍വെന്‍ഷനിലും അവതരിപ്പിക്കപ്പെടുന്ന ദശവത്സരപദ്ധതികള്‍ വരുന്ന പത്തു വര്‍ഷം ലത്തീന്‍ സഭയ്ക്കുണ്ടായിരിക്കേണ്ട ആഭിമുഖ്യങ്ങളും ദിശാബോധവും വെളിവാക്കുന്നു. മിഷന്‍ കോണ്‍ഗ്രസ്സും ബിസിസി കണ്‍വെന്‍ഷനും കഴിഞ്ഞുവരുന്ന 10 വര്‍ഷങ്ങള്‍ ലത്തീന്‍ സഭയെ കൂടുതല്‍ ഐക്യത്തിലും സമഗ്രപുരോഗതിയിലും മുന്നോട്ടുപ്രയാണം ചെയ്യാന്‍ സഹായിക്കുന്ന രീതിയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സാധിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കാം.