പള്ളിയുടെ ചരിത്രം

ഇന്ത്യയിലെ സഭയുടെ ചരിത്രത്തിലൂടെ എടവനക്കാട് പള്ളിയുടെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം

St Ambrose church Edavanakkad
പതിമൂന്നാം നൂറ്റാണ്ടുവരെ കത്തോലിക്ക സഭ റോമാ സാമ്രാജ്യത്തിലും അതിനു ചുറ്റുമുള്ള ഭൂവിഭാഗങ്ങളിലുമാണ് ഉണ്ടായിരുന്നത്. മറ്റ് ഭൂഖണ്ഡങ്ങളിലേക്കുള്ള സഭയുടെ വ്യാപനം മന്ദഗതിയിലാണ് നടന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യ വൻകരയിലും ചൈനയിലും കൃസ്താനികൾ ഉണ്ടായിരുന്നെങ്കിലും അവർ പേർഷ്യ കേന്ദ്രീകരിച്ചുള്ള വാരസ്താ സഭയുടെ കീഴിലായിരുന്നു. ബാബേലിലെ പാത്രീയാർക്കീസായിരുന്നു ആറാം നൂറ്റാണ്ടു മുതൽ പേർഷ്യൻ സഭയുടെ കാതൽ.

1270നും 1290നും ഇടയിൽ ഇന്ത്യ സന്ദർശിച്ച മാർക്കോ പോളോ എന്ന ലോക സഞ്ചാരി തന്റെ യാത്ര വിവരണത്തിൽ ഭാരതത്തിലെ ആദിമ കൃസ്താനികളെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്.

1329 ആഗസ്റ്റ് 9-ാം തീയതി ജോൺ 22-ാമൻ മാർപാപ്പ ‘ആദ് പെർപ്പെച്ചാ റേയി മെമ്മോറിയാം” എന്ന ബ്യൂള വഴി സുൽത്താനിയ അതിരൂപതയുടെ കീഴിൽ ഭാരതത്തിലെ ആദ്യത്തെ ലത്തീൻ രൂപതയായി കൊല്ലം രൂപത സ്ഥാപിച്ചു. സെവരാക്കിലെ ജോർഡാൻ കറ്റലാനിയെ പ്രസ്തുത രൂപതയുടെ പ്രഥമ മെത്രാനായി വാഴിക്കുകയും ചെയ്തു.

പോർച്ചുഗീസുകാരുടെ വരവ് :-

1487-ൽ പോർച്ചുഗീസ് നാവികനായ ബർത്തലോമിയോ ഡയസ് ആഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റി , ഇന്ത്യൻ സമുദ്രത്തിൽ കടക്കുവാനുള്ള പുതിയ കപ്പൽ പാത കണ്ടു പിടിച്ചതോടു കൂടി ഭാരതത്തിലേക്ക് പ്രത്യേകിച്ച്, കേരളത്തിലേക്ക് ധാരാളം കച്ചവാക്കാർ കടന്നു വരാൻ തുടങ്ങി. കച്ചവട ആവശ്യത്തിനു വരുന്ന പോർച്ചുഗീസ് യാത്രാ നൗകകളിൽ വിദേശ മിഷനറിമാർ ഇവിടെ വരികയും അന്നത്തെ ഇന്ത്യയിലെ നാട്ടുരാജാക്കന്മാരുടെയും പ്രജകളുടെയും ആതിഥ്യം സ്വീകരിക്കുകയും ചെയ്തു.

റോം ആണ് കത്തോലിക്ക സഭയുടെ കേന്ദ്രമെങ്കിലും , മാർപാപ്പ അനുവദിച്ചു കൊടുത്ത പ്രത്യേക അവകാശങ്ങളുടെ പശ്ചാത്തലത്തിൽ 17-ാം നൂറ്റാണ്ടിൽ ‘ വേദ പ്രചാര തിരുസംഘത്തിന്റെ  (പ്രൊപ്പഗാന്താ തിരുസംഘം) ആരംഭം വരെ പോർച്ചുഗലായിരുന്നു പൗരസ്ത്യ ദേശത്തെ സമസ്ത മിഷൻ പ്രവർത്തനങ്ങളുടെയും ചുക്കാൻ പിടിച്ചിരുന്നത്. 1455 ജനുവരി എട്ടാം തീയതി നിക്കൊളാസ് 5-ാമൻ മാർപാപ്പയുടെ തിരുവെഴുത്തു പ്രകാരം (Romanus Pontifex) പുതുതായി കണ്ടെത്തിയതോ കണ്ടെത്താനിരിക്കുന്നതോ ആയ പൗരസ്ത്യ ദേശത്തെ എല്ലാ പ്രദേശങ്ങളും പോർച്ചുഗൽ രാജാവിന്റെ രക്ഷാകർത്തൃത്വത്തിൻ കീഴിലായിരിക്കും. ” പാദ്രവാദോ ” ( പേട്രണറ്റ് അഥവാ രക്ഷാകർത്തൃത്വം ) അധികാരത്തിന്റെ ആണി കല്ല് ഈ പ്രസ്താവമാണ്.

അതനുസരിച്ച് പോർച്ചുഗീസുകാർ കണ്ടെത്തുന്ന രാജ്യങ്ങളിലെല്ലാം സുവിശേഷവൽക്കരണം നടത്തന്നതിനും രൂപതകൾ സ്ഥാപിക്കുന്നതിനും മെത്രാന്മാരെ നിയമിക്കുന്നതിനും എല്ലാമുള്ള അധികാരം പോർച്ചുഗൽ രാജാവിൽ നിക്ഷിപ്തമായി. മാത്രമല്ല, ഈ രൂപതകളിലും, മിഷൻ പ്രദേശങ്ങളിലുള്ള പ്രവർത്തനങ്ങൾക്കും വേണ്ടുന്ന ചെലവുകൾ മുഴുവനായി തന്നെ പോർച്ചുഗൽ ഖജനാവിൽ നിന്ന് വഹിക്കേണ്ടതുണ്ടായിരുന്നു. മാർപാപ്പ അംഗീകരിച്ചു കൊടുത്ത ലത്തീൻ സഭയുടെ “പാേദ്രാവാദോ” അധികാരമുണ്ടായിരുന്ന പോർച്ചുഗീസ് രാജാവിന്റെ നിർദ്ദേശ പ്രകാരം 1498 മെയ് മാസം 20-ാം തീയതി നാവിക വീരനായ വാസ്കോ ഡി ഗാമ കോഴിക്കോട്ടെത്തിച്ചേർന്നത് കേരളത്തിലെ ലത്തീൻ സഭയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായിരുന്നു’ തന്മൂലം പോർച്ചുഗലിൽനിന്ന് വർഷാവർഷം പുറപ്പെട്ട കപ്പലുകളിൽ കച്ചവടക്കാരോടൊപ്പമെത്തിയ ധാരാളം മിഷനറിമാരും ഭാരതത്തിൽ മാനസാന്തര വേലകളിൽ വ്യാപൃതരായി. പോർച്ചുഗീസ് മിഷനുകളുടെ തുടക്കത്തിൽ ഇന്ത്യ മുഴുവനും, തെക്കുപടിഞ്ഞാറുള്ള മദേവ്രാ ദ്വീപിലെ ഫുങ്ങ്ചാൽ രൂപതയുടെ അധീനതയിൽ ആയിരുന്നു. കാലക്രമത്തിൽ കൊല്ലം രൂപത ഇല്ലാതാവുകയും 1534 നവംബർ മൂന്നാം തീയതി പോൾ മൂന്നാമൻ മാർപാപ്പ, ഫുങ്ങ്ചാലിൽ നിന്ന് വേർപെടുത്തിക്കൊണ്ട് ഗോവ രൂപത സ്ഥാപിക്കുകയും ചെയ്തു. 1539-ൽ ഈ പാദ്രവാദോ രൂപതയുടെ ഭരണഭാരം ഏറ്റെടുത്ത കൊണ്ട്, പോർച്ചുഗലിലെ ജോൺ മൂന്നാമൻ രാജാവിന്റെ കുമ്പസാരക്കാരനായിരുന്ന ഫ്രാൻസിസ്കൻ സന്യാസി ‘ ജുവാൻ ദെ അൽബുക്കർക്ക് ‘ സ്ഥാനാരോഹണം ചെയ്തു. 16-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ കേരളത്തിലെ ലത്തീൻ കത്തോലിക്ക സഭ ശിഖരങ്ങൾ നീട്ടി, ഒരു വലിയ വടവൃക്ഷമായി വളർന്നു പന്തലിക്കാൻ തുടങ്ങിയെന്നു പറയാം.

Church Alterകൊച്ചിയിൽ പോർച്ചുഗീസുകാരുടെ വാഴ്ചക്കാലത്ത് നിരവധി ലത്തീൻ യോദ്ധാക്കൾ പോർച്ചുഗീസ് താല്പര്യങ്ങൾക്കും കൊച്ചി രാജാവിനു വേണ്ടിയും സ്വന്തം സമുദായ താല്പര്യങ്ങൾ സംരക്ഷിക്കാനും പ്രശസ്തങ്ങളായ നാവിക യുദ്ധങ്ങൾ നടത്തിയതായി ‘ഗാസ്പർ കൊറയാ ‘ എന്ന പോർച്ചുഗീസ് ചരിത്രകാരൻ രേഖപ്പെടുത്തുന്നു. ഗോവ അതിരൂപതയായി ഉയർത്തപ്പെട്ടപ്പോൾ 1558 ഫെബ്രുപ്തി 4 ന് ബംഗാൾ മുതലുള്ള തീരപ്രദേശങ്ങളും ദക്ഷിണേന്ത്യയും ഉൾപ്പെടുത്തി കൊച്ചി രൂപത നിലവിൽ വന്നു. 154 l -ൽ ഫ്രാൻസിസ്കൻ സന്യാസിയായ വിൻസെന്റ് ലാഗോസ് കൊടുങ്ങല്ലൂരിൽ സ്ഥാപിച്ച ലത്തീൻ സെമിനാരി, കേരളത്തിലെ സഭയുടെ വളർച്ചയിൽ ഒരു നിർണ്ണായക ഘടകമായിരുന്നു.
‘അന്ന് പോർച്ചുഗീസുകാരുടെ നിയന്ത്രണത്തിലും സ്വാധീനത്തിലും ഉൾപ്പെട്ട പ്രദേശങ്ങളിൽ സമുദായം വേരുകൾ പടർത്തി തഴച്ചുവളരാൻ തുടങ്ങി. അന്നത്തെ വൈദീകരാണ് കേരളത്തിലെ ലത്തീൻ റീത്തിലെ റോമൻ രീതികളും പാശ്ചാത്യ സമ്പ്രദായങ്ങളും ആദ്യം നടപ്പിലാക്കിയത്. നാവിക പ്രവർത്തനങ്ങളിലും വാണിജ്യത്തിലും പ്രാഗത്ഭ്യം നേടിയവരെ കൂടാതെ മരപ്പണി, കല്പണി, ചെരുപ്പു കുത്തൽ, പിന്താരപ്പണി, ബോട്ടു നിർമ്മാണം, വഞ്ചിപ്പണി, ചീനവല കൊണ്ടുള്ള മത്സ്യ ബന്ധനം, ബേക്കറി പ്രവർത്തനം, തുന്നൽ, റേന്തപ്പണി, വീഞ്ഞു നിർമ്മാണം തുടങ്ങിയ കൈത്തൊഴിലുകൾ അഭ്യസിച്ചു ജീവിച്ചവരും സമുദായത്തിൽ ഉണ്ടായിരുന്നു. വൈപ്പിൻകര, വല്ലാർപാടം, കടമക്കുടി, മൂലമ്പിള്ളി, എറണാകുളം, ചാത്യാത്ത്, പെരുമാനൂർ, വെണ്ടുരുത്തി, പള്ളുരുത്തി, ചെല്ലാനം, അർത്തുങ്കൽ , കോട്ടപ്പുറം, തുരുത്തിപ്പുറം, ഗോതുരുത്ത് , മതിലകം തുടങ്ങിയ തീര പ്രദേശങ്ങളിൽ ഇവർ ‘ കുടികൾ ‘ സ്ഥാപിച്ച് അധിവസിക്കുകയും ചെയ്തു. പോർച്ചുഗീസ് സ്വാധീന പ്രദേശങ്ങളിലെല്ലാം യൂറോപ്യൻ രീതിയിലുള്ള പള്ളികളും ആശ്രമങ്ങളും പടുത്തുയർത്തി.

സമുദായത്തിന്റെ വളർച്ച; –

പതിനാറാം നൂറ്റാണ്ടിന്റെ പകുതി ആയപ്പോഴേക്കും കേരളത്തിൽ വൈദികരും അൽമായരും മിഷണറിമാരുമായി പ്രബലവും സമ്പന്നവുമായ ഒരു സമുദായമായി ലത്തീൻ സമുദായം മാറി. കൊച്ചി രൂപതയിലെ നാലാമത്തെ മെത്രാനായിരുന്ന ആൻഡ്രൂദെ സാന്ത മരിയയുടെ കാലഘട്ടം പലതുകൊണ്ടും സംഭവബഹുലമായിരുന്നു. കേരളത്തിൽ അവശേഷിച്ചിരുന്ന നസ്രാണികളെ മുഴുവൻ മാനസാന്തപ്പെടുത്തുകയും കത്തോലിക്കാ സഭയിൽ കൊണ്ടുവരികയും ” ഒരു ഇടയനും ഒരു തൊഴുത്തും ഒരു വിശ്വാസവും ” എന്ന സാർവ്വത്രിക സത്യം അംഗീകരിപ്പിക്കുകയും ചെയ്ത ചരിത്ര പ്രസിദ്ധമായ ഉദയംപേരൂർ സൂനഹദോസ് 1599-ൽ നടന്നത് ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. ഗോവ മെത്രാപ്പോലീത്തയായ അലക്സിസ് മെനസിസ് കേരളത്തിൽ വന്ന് കൊച്ചി രൂപതയുടെ ഒത്താശയോടെയാണ് ഈ സഭാ മഹാസമ്മേളനം നടത്തിയത്. ഉദയംപേരൂർ സൂനഹദോസിലൂടെ കേരളത്തിലെ കൃസ്താനികൾ മുഴുവനും ലത്തീൻ ഭരണത്തിലായി. കേരളത്തിലെ ലത്തീൻ സഭയുടെ ഏറ്റവും വലിയ നേട്ടമായി പരിഷ്കരണ പ്രധാനമായ ഈ സൂനഹദോസ് കണക്കാക്കപ്പെടുന്നു. 1659-ൽ മലബാർ വികാരിയത്ത് (രൂപത) സ്ഥാപിച്ചതോടെ കേരളത്തിലെ കത്തോലിക്കരെല്ലാം അതിന്റെ കീഴിലാവുകയും ചെയ്തു.

വരാപ്പുഴ അതിരൂപത :- Bell tower ambrose church

പിന്നീട് മിഷണറിമാരുടെ പ്രേഷിത പ്രവർത്തനങ്ങളുടെ ആസ്ഥാനമായി തീർന്നത് വരാപ്പുഴ ഗ്രാമമാണ്. 1673-ൽ വരാപ്പുഴയിൽ തട്ടാരശ്ശേരി പറമ്പ് എന്നറിയപ്പെടുന്ന വളപ്പിൽ, മത്തേവൂസ് പാദ്രിയുടെ പരിശ്രമത്താൽ പുതിയൊരു ദൈവാലയം നിർമ്മിക്കപ്പെട്ടു. താമസം കൂടാതെ ബൃഹത്തായ ഒരു കൊവേന്തയും വൈദിക വിദ്യാർത്ഥികൾക്കായി ഒരു സെമിനാരിയും പണി കഴിപ്പിച്ചു. അന്നത്തെ മലബാർ വികാരിയത്തിന്റെ തലവനായിരുന്നത് ജോസഫ് സെബസ്താനി മെത്രാനായിരുന്നു. ഈ സെമിനാരിയാണ് പിന്നീട് (1866 – ൽ ) പുത്തൻ പള്ളിയിലേക്ക് മാറ്റിയത്. അവിടെ നിന്ന് വീണ്ടും (1932-ൽ ) ആലുവായിലെ ഇന്നത്തെ മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയായി മാറ്റി സ്ഥാപിച്ചു.

1709 മാർച്ച് 13-ാം തീയതി മലബാർ വികാരിയത്ത് നിർത്തലാക്കുകയും വരാപ്പുഴ വികാരിയത്ത് സ്ഥാപിക്കപ്പെടുകയും ചെയ്തു. ഗ്രിഗറി 16-ാമൻ മാർപാപ്പ 1838 ഏപ്രിൽ 24 ന് പുറപ്പെടുവിച്ച ‘മുൾത്ത പ്രെക്ലാരെ ‘ എന്ന തിരുവെഴുത്തിലൂടെ പാദ്രാവാദോ അധികാരം എടുത്തുകളയുകയും പ്രൊപ്പഗാന്തായുടെ കീഴിൽ അപ്പസ്തോലിക് വികാരിയത്തുകൾ സ്ഥാപിക്കുകയും ചെയ്തു. ഈ തിരുവെഴുത്തിലൂടെ കൊച്ചി, കൊടുങ്ങല്ലൂർ രൂപതകൾ നിർത്തലാക്കുകയും ഇവയുടെ കീഴിലുണ്ടായിരുന്ന വിശ്വാസികളെ വരാപ്പുഴ വികാരിയത്തിന്റെ കീഴിൽ കൊണ്ടു വരികയും ചെയ്തു. അതിന്റെ വിസ്തൃതി തെക്ക് കന്യാകുമാരി മുതൽ വടക്ക് സൗത്ത് കാനറ വരെ വികാസം പ്രാപിച്ചു.

1886-ൽ ലിയോ 13- മൻ മാർപാപ്പ ഹയരാർക്കി സ്ഥാപിക്കുകയും വരാപ്പുഴ അതിരൂപത സ്ഥാപിതമാക്കുകയും ഡോ: ലിയോ നോർഡ് മെല്ലാനോയെ മെത്രാപ്പോലീത്തയായി നിയമിക്കുകയും ചെയ്തു. 1887 മെയ് 20ന് പുറപ്പെടുവിച്ച ‘ ക്വാദ് യാം പ്രീ ദെം ‘ എന്ന തിരുവെഴുത്തിലൂടെ 13-ാം ലെയോ മാർപാപ്പ സുറിയാനി കൃസ്താനികളെ വരാപ്പുഴ അതിരൂപതയിൽ നിന്നും വേർപ്പെടുത്താൻ അനുവാദം കൊടുത്തു. കോട്ടയം , ത്രിശ്ശൂർ എന്നീ രണ്ടു രൂപതകൾ സ്ഥാപിച്ച് അവരെ അവയുടെ കീഴിൽ കൊണ്ടുവരികയും ചെയ്തു.

1934-ൽ അന്നത്തെ വരാപ്പുഴ മെത്രാപ്പോലീത്താ മിഷണറിയായിരുന്ന ഡോ: എയ്ഞ്ചൽ മേരി പിതാവ് ആരോഗ്യപരമായ കാരണങ്ങളാൽ സ്വദേശമായ സ്പെയിനിലേക്ക് പോയതോടെ 1934 ഡിസംബർ 21-ാം തീയതി ഡോ: ജോസഫ് അട്ടിപ്പേറ്റി (1934- (970) ലത്തീൻ കത്തോലിക്കരുടെ നാട്ടുകാരനായ പ്രഥമ മെത്രാനായി നിയമിക്കപ്പെട്ടു.

വൈപ്പിൻ ദ്വീപിന്റെ ഉത്ഭവം :-

കടൽ വെച്ചുണ്ടായ ‘വെപ്പു ‘ ഭൂമിയാണ് വൈപ്പിൻ കര എന്നൊരു ഐതിഹ്യമുണ്ട്. ‘ വെപ്പുകര ‘ എന്നത് ലോപിച്ചായിരിക്കാം എന്നായത് എന്നനുമാനിക്കാം. 700 വർഷങ്ങൾക്ക് മുൻപ് , അതായത് 1341 കാലഘട്ടത്തിലാണ് ഇവിടെ വലിയൊരു വെള്ളപ്പൊക്കത്തിന്റെ ഫലമായി ഇങ്ങനെയൊരു പ്രതിഭാസം കണ്ടുതുടങ്ങിയത്. കാലക്രമത്തിൽ ഭൂവിസ്തൃതി വർദ്ധിച്ചു വർദ്ധിച്ച് – ഇന്നത്തെ വൈപ്പിൻ ദ്വീപായി മാറി. ഇന്ന് ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ ജന സാന്ദ്രതയേറിയ ദ്വീപുകളിലൊന്നായി വൈപ്പിൻ കര അറിയപ്പെടുന്നു.

എടവനക്കാട് വി. ആബ്രോസ് പള്ളിയുടെ ചരിത്രം (Since 1853)

എടവനക്കാട് കുരിശുപള്ളി 1400 നും 1500 നും ഇടയ്ക്ക് അന്യസ്ഥലങ്ങളിൽ നിന്ന് വൈപ്പിൻ ദ്വീപിലേക്ക് ജനങ്ങൾ കുടിയേറി പാർത്തിരുന്നതായി ചരിത്രത്തിൽ പറയുന്നു. പോർച്ചുഗീസുകാരുടെ ആഗമനത്തോടെ വാണിജ്യ നഗരമായ കൊച്ചിയുടെ സമീപ പ്രദേശങ്ങളിലേയ്ക്കെല്ലാം നസ്രാണികൾ ഒറ്റയ്ക്കും കൂട്ടായും വന്നു താമസിക്കാൻ തുടങ്ങി. പോർച്ചുഗലിലെ വിശ്വ പ്രസിദ്ധമായ ലിസ്ബൺ നഗരത്തിന് തുല്യമായ രീതിയിൽ കൊച്ചിയെ മോടിപിടിപ്പക്കുവാൻ പോർച്ചുഗീസുകാർ കൂടുതൽ ശ്രദ്ധ വച്ചു.ദേവാലയ നിർമ്മിതിയിൽ ഈ സ്വാധീനം തെളിഞ്ഞു കാണാം. വല്ലാർപാട പള്ളിയുടെ സ്ഥാപനത്തോടെയാണ് വൈപ്പിൻ മേഖലയിൽ ക്രിസ്ത്യൻ കുടിയേറ്റം കൂടുതൽ നടന്നത്. ഈ കാലട്ടത്തിൽ ഓച്ചന്തുരത്ത്, വൈപ്പിൻ, നായരമ്പലം എടവനക്കാട് പ്രദേശങ്ങളിലും ക്രിസ്ത്യൻ സഹോദരങ്ങൾ വന്നു താമസിക്കുവാൻ തുടങ്ങി.അന്നവിടമെല്ലാം വല്ലാർപാടം പള്ളിയുടെ കീഴിലായിരുന്നു. കുരിശിങ്കൽ, വൈപ്പിൻ, പള്ളിപുറം പള്ളികൾ സ്ഥാപിക്കപ്പെട്ടതോടെ കൊടുങ്ങല്ലൂർ, വരാപ്പുഴ, കൂനംമ്മാവ്, അതർ തുടങ്ങിയ സ്ഥലങളിൽ നിന്നുള്ള ലത്തിൻ കുടുംബങ്ങളുടെ വൻ മുന്നേറ്റം എടവനക്കാടും പരിസര പ്രദേശങ്ങളിലേക്കും ഉണ്ടായി. യാത്ര ക്ലേശമുള്ളതിനാൽ തലപ്പള്ളിയായ വല്ലാർപ്പാടത്തേയ്ക്ക് എല്ലാ വിശ്വാസികൾക്കും എത്തിച്ചേരാൻ ബുദ്ധിമുട്ടായി’

1844-ൽ വാടേൽ പള്ളി സ്ഥാപിക്കപ്പെടുകയും തുടർന്ന് എടവനക്കാടും പരിസരപ്രദേശങ്ങളിലുമുള്ള വിശ്വാസികൾ വാടേൽ ഇടവകപ്പള്ളിയുടെ കീഴിലായി. എടവനക്കാട് പ്രദേശത്ത് ക്രിസ്ത്യൻ കൂട്ടായ്മ സമൃദ്ധമായി വളരുവാൻ തുടങ്ങിയപ്പോൾ 1853-ൽ ഇന്നത്തെ പള്ളിമുറ്റത്ത് ഒരു കുരിശടിസ്ഥാപിക്കപ്പെട്ടു. കുരിശടി കേന്ദ്രമാക്കി ഇവിടുത്തെവിശ്വാസികൾ ഒത്തുകൂടുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്തുപോന്നു. അന്നവിടെ ഒരുമിച്ചുകൂടിയിരുന്നവരിൽ ഉദിച്ച ആശയമായിരുന്നു സ്വന്തമായി ഒരു ദേവാലയം സ്ഥാപിക്കുകയെന്നത്. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം എടവനക്കാട് നിവാസികൾക്കായി ഒരു കുരിശുപള്ളി സ്ഥാപിക്കുവാൻ അനുവാദമായി.

മിലാനിലെ വി. ആബ്രോസ് (340-397)


ഇറ്റലിയിലെ മിലാന്റെ മെത്രാന്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ആബ്രോസ് ക്രിസ്ത്യാനി പോലുമായിരുന്നില്ല. ഒരു റോമന്‍ ഗവര്‍ണറായിരുന്നു അദ്ദേഹം. ഗവര്‍ണറായിരുന്ന ഒരാള്‍ ക്രിസ്തീയ സഭയുടെ മെത്രാനായി മാറിയത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി രുന്നു. ഇന്നത്തെ ജര്‍മനിയുടെ ഭാഗമായ ഗോള്‍ എന്ന പ്രവിശ്യയിലെ ട്രയറിലാണ് ആബ്രോസ് ജനിച്ചത്. സമ്പന്നമായ റോമന്‍ പ്രഭു കുടുംബത്തില്‍ ജനിച്ചതിനാല്‍ മികച്ച വിദ്യാഭ്യാസം ആബ്രോസിനു കിട്ടി. സാഹിത്യം, ഗ്രീക്ക് ചിന്തകള്‍, തത്വശാസ്ത്രം എന്നിവയൊക്കെ പഠിച്ചു. റോമിലായിരുന്നു വിദ്യാഭ്യാസം. മികച്ച പ്രാസംഗികനായും അറിയപ്പെടുന്ന കവിയായും ആബ്രോസ് വളരെ വേഗം മാറി. അഭിഭാഷകനായി ജോലി നോക്കിവരവെയാണ് അദ്ദേഹം ലിഗ്ഗൂരിയ, എമിലിയ എന്നീ പ്രദേശങ്ങളുടെ ഗവര്‍ണറായി നിയമിക്കപ്പെടുന്നത്. അന്ന് 33 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. മിലാനിലെ ബിഷപ്പ് മരിച്ചപ്പോള്‍ പുതിയ ബിഷപ്പിനെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി രണ്ടു വിഭാഗങ്ങള്‍ തര്‍ക്കം തുടങ്ങി. തര്‍ക്കം അക്രമത്തിലേക്കും യുദ്ധത്തിലേക്കും വരെ നീങ്ങുന്ന അവസ്ഥ എത്തിയപ്പോള്‍ ഗവര്‍ണറായ ആബ്രോസ് ഇരുവിഭാഗങ്ങളെയും വിളിച്ചുകൂട്ടി അനുര ഞ്ജന ചര്‍ച്ച നടത്തി. എന്നാല്‍ അധികാരമോഹികളെ രമ്യതയിലെത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. “മറ്റൊരാളെ മുറിവേല്‍പിച്ചിട്ട് ഒരാള്‍ക്കും സുഖംപ്രാപിക്കാനാവില്ല.”- ആബ്രോസ് അക്രമികളോടു പറഞ്ഞു. ബിഷപ്പിന്റെ പദവിക്കുവേണ്ടിയുള്ള പുരോഹിതരുടെ പോരാട്ടം വിശ്വാസികളെ വേദനിപ്പിച്ചു. ശാന്തനായ ആബ്രോസിന്റെ വാക്കുകള്‍ അവരെ സ്വാധീനിച്ചു. ആബ്രോസ് തന്നെ ബിഷപ്പ് സ്ഥാനം ഏറ്റെടുക്കണമെന്ന് വിശ്വാസികള്‍ ഒന്നാകെ ആവശ്യപ്പെട്ടു. താന്‍ ബിഷപ്പ് പദവിക്ക് അര്‍ഹനല്ല എന്നു പറഞ്ഞ് ആദ്യം അദ്ദേഹം ഒഴിഞ്ഞുമാറിയെങ്കിലും അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനു വേണ്ടി ഒടുവില്‍ സമ്മതിച്ചു. ബിഷപ്പായ ശേഷമാണ് അദ്ദേഹം ക്രിസ്ത്യാനിയായി ജ്ഞാനസ്‌നാനം സ്വീകരിച്ചത്. അപ്പോള്‍ തന്നെ തന്റെ സ്വത്തിന്റെ പകുതി അദ്ദേഹം സഭയ്ക്ക് എഴുതിക്കൊടുത്തു. മറ്റേ പകുതി ദരിദ്രര്‍ക്ക് വിതരണം ചെയ്തു. മികച്ച സുവിശേഷപ്രാസംഗികനായും അധ്യാപകനായും ബൈബിള്‍ പണ്ഡി തനായും അദ്ദേഹം വളരെ വേഗത്തില്‍ മാറി. റോമന്‍, ആര്യന്‍ മതങ്ങളുടെ അനാചാരങ്ങള്‍ അദ്ദേഹം പരസ്യമായി എതിര്‍ത്തു. പാപങ്ങളില്‍ മുഴുകി ജീവിച്ച ഹിപ്പോയിലെ അഗസ്റ്റിനെ (ഓഗസ്റ്റ് 28ലെ വിശുദ്ധന്‍) ക്രിസ്തുമതത്തിലേക്ക് കൊണ്ടുവന്നത് ആബ്രോസായിരുന്നു. . മദ്യപാനം, വ്യഭിചാരം, ചൂതാട്ടം അങ്ങനെ തിന്മകള്‍ക്കു നടുവില്‍ നിന്ന അഗസ്റ്റിന്‍ മാണിക്കേയ മതത്തിന്റെ പ്രചാരകനായിരുന്നു. ആംബ്രോസിന്റെ പ്രസംഗങ്ങള്‍ കേട്ടപ്പോള്‍ ആ മതം സത്യമ ല്ലെന്ന് അഗസ്റ്റിന്‍ തിരിച്ചറിഞ്ഞു. ആംബ്രാസ് തന്നെയാണ് അഗസ്റ്റിനു ജ്ഞാനസ്‌നാനം നല്‍കിയത്. നിരവധി ആത്മീയ ഗ്രന്ഥങ്ങളും ഗാനങ്ങളും ആബ്രോസ് രചിച്ചിട്ടുണ്ട്.